മുംബൈ: മുംബൈ ദാദർ റെയിൽവേ സ്റ്റേഷനിൽ ബാഗിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്‍റ് റെയിൽവേ പോലീസും (ജിആർപി) ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ സംഭവം പൈഡുണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നതെന്നും കൊല്ലപ്പെട്ടത് അർഷാദ് അലി ഷേഖ് എന്നും തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രതികളായ ജയ് പ്രവീൺ ചാവ്‌ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രതികളിൽ ഒരാളുടെ കാമുകിയുമായി അർഷാദ് അലിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രതികളിൽ ഒരാളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും മറ്റൊരാൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. ഇരയും പ്രതികളായ രണ്ടുപേരും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.