ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സീരിയൽ കില്ലർ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു.പൊലീസ് സ്റ്റേഷനിലെ സെല്ല് തകർത്തായിരുന്നു പ്രതിയുൾപ്പെടെ 13 പേർ രക്ഷപെട്ടത്. കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) (വാമ്പയിർ)യാണ് രക്ഷപെട്ടത്.ജൂലൈയിലാണ് ജുമൈസിയെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ വീടിന് സമീപത്തെ പ്രദേശത്ത് നിന്നും വികൃതമാക്കപ്പെട്ട നിലയിൽ പത്തോളം സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ നിരവധി ശരീരഭാഗങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
നിരവധി ഗുരുതര ശിക്ഷകൾ അനുഭവിക്കേണ്ടിയിരുന്ന പ്രതിയാണ് രക്ഷപ്പെട്ടതെന്നും അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.2022 മുതൽ അറസ്റ്റ് ചെയ്യപ്പെടുന്ന ജൂലൈ മാസം വരെയുളള കാലളവിൽ ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ജുമൈസി സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യകൂമ്പാരത്തിൽ തള്ളുകയായിരുന്നു പതിവ്. ജുമൈസിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കയ്യുറകൾ, കത്തി തുടങ്ങിയവയും ഇരകളുടെ മൊബൈൽ ഫോൺ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു. കൃത്യമായ ഇടവേളകളിൽ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത്.