ചെങ്ങന്നൂര്‍: ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും 50 പവനും പണവും കവര്‍ന്ന കേസില്‍ കോട്ടയം സ്വദേശിയായ പ്രതി പിടിയില്‍.
കോട്ടയം വടവാതൂര്‍ കോട്ടക്കുഴി ജെ. മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്.
തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപം ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന പരുത്തിയത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20,000 രൂപയുമാണ് മോഷ്ടിച്ചത്.
കഴിഞ്ഞ 10ന് രാവിലെ ജോലിക്കായി പുറത്തു പോയ ഡോ.സിഞ്ചുവും ഭാര്യയും വൈകിട്ട് 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും നഷ്ടമായ വിവരം അറിയുന്നത്.
ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയും തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
സമാന രീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനോടുവിലാണ് ഈ കുറ്റകൃത്യം ചെയ്തത് നിരവധി കളവ് കേസില്‍ പ്രതിയായ മാത്തുക്കുട്ടിയാണെന്ന് തിരിച്ചറിയുന്നത്.
തുടര്‍ന്ന് മാത്തുക്കുട്ടിയെ പിടികൂടുന്നതിനായി അന്വേഷണസംഘം കൊല്ലത്തേക്ക് പോകുന്ന സമയം പോലീസ് തന്നെ അന്വേഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കോട്ടയത്തേക്ക് രക്ഷപെട്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെങ്ങന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലകടവ് പാലത്തില്‍ വച്ചു പിടികൂടാന്‍ ശ്രമിച്ചു. പാലത്തില്‍ നിന്നും ചാടി രക്ഷപെടാന്‍ നോക്കിയ ഇയാളെ പാലത്തിന്റെ ഇരുവശവും തടഞ്ഞ് അതി സാഹസികമായിട്ടാണ് പിടികൂടിയത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊല്ലം തേവള്ളിയില്‍ വാടകയ്ക്ക് താമസിച്ച് കൊല്ലത്തെ നിരവധി വീടുകളില്‍ മോഷണം നടത്തിയതിന് 2017ല്‍ പിടിയിലായിരുന്നു.
ഇയാള്‍ എല്ലാ ആഴ്ചയിലും കുടുംബവീടായ വടവാതൂരിലേക്ക് പോകുമ്പോള്‍ റോഡ് സൈഡില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകള്‍ കണ്ടുവെയ്ക്കും. നോക്കി വച്ച വീട് പൂട്ടികിടക്കുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം കോട്ടയത്ത് നിന്നും സ്‌കൂട്ടറില്‍ വന്ന് ദൂരെ സ്ഥലത്തു മാറ്റി വച്ചിട്ട് ബസില്‍ കയറി നോക്കിവെച്ച വീട്ടില്‍ സന്ധ്യയോടെ എത്തും.
വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രാത്രി 7നും 9നും ഇടയിലുള്ള സമയം മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി. കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലും മോഷണശ്രമം നടത്തിയിട്ടുണ്ട്.
മോഷണം നടന്ന് 6 ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനാല്‍ മോഷണം പോയ മുഴുവന്‍ സ്വര്‍ണ്ണവും ഒളിപ്പിച്ചു വെച്ച പ്രതിയുടെ കോട്ടയത്തെ വീട്ടില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞു.
ചെങ്ങന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്‍, എസ്.ഐമാരായ പ്രദീപ് എസ്, രാജീവ് .സി, എഎസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ സാം, രതീഷ്‌കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.