കാറിൽ 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ എക്സൈസ് പിടികൂടി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്.വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു.
അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ് കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്.ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.