ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ. കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയിൽ ഹോട്ടലിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല വീട്ടിൽ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വർഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചിക്കൻ കഴിച്ച ഉടനെ ഇവർക്ക് വയറിൽ അസ്വസ്ഥതയും ഛർദിയുമുണ്ടായി. തുടർന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ് കഴിച്ചതിൽ ബാക്കി ഉണ്ടായിരുന്ന ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ ഉൾപ്പെടെ അഞ്ചുപേരെയും കാട്ടാക്കട സർക്കാർ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിക്കയായിരുന്നു. കാട്ടാക്കട പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് കുടുംബം നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയത്.