മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ് പഠിക്കാൻ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ്. സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യതപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ ഇന്ദ്രൻസ് ഇന്നെത്തും. സ്കൂൾ പഠനം പൂർത്തിയാക്കാത്തതിൻ്റെ ദുഃഖമകറ്റാനാണ് 68-ാം വയസ്സിൽ അദ്ദേഹം തുടർ പഠനത്തിന് ചേർന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളായിരുന്നു പഠന കേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാ കോഴ്സിലേക്ക് നേരിട്ട് ചേരാം.