പത്തനംതിട്ട : കോളേജ് അധ്യാപികയെ സൈബര്‍ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി. പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്. കുടുംബസുഹൃത്തായ ഒരാളുമൊത്ത് അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്ന് അധ്യാപിക പറയുന്നു.
ചില വാട്സപ്പ് ഗ്രൂപ്പുകളിലാണ് തന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപികയുടെ പരാതി. ചിത്രം പ്രചരിപ്പിച്ചതിന് ആദ്യം പൊലീസില്‍ പരാതി നല്‍കി. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ആരോപണവിധേയരെ സി.ഐ വിളിച്ചുവരുത്തി. ചിത്രം ആദ്യമെത്തിയ വാട്‌സ്അപ് ഗ്രൂപ്പില്‍ മാപ്പ് എഴുതിയിടാന്‍ ആവശ്യപ്പെട്ട് പരാതി തീര്‍പ്പാക്കി.
എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ഫേസ്ബുക്ക് പേജുകളില്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ പരസ്യമാക്കി വീണ്ടും ചിത്രം പ്രചരിപ്പിച്ചെന്നാണ് അധ്യാപിക പറയുന്നത്. പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കോടതിയെ സമീപിച്ചത്.