തിരുവനന്തപുരം: ഗായകൻ യേശുദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിക്കാനൊരുങ്ങുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് വീണ്ടും യേശുദാസ് കേരളത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. യുഎസില്‍ കഴിയുന്ന കെ.ജെ. യേശുദാസ് കൊവിഡ് കാലത്തിന് ശേഷം ഇന്ത്യയിലേക്കെത്തിയിട്ടില്ല. തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ കൂടി നേതൃത്വത്തില്‍ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി. പിന്നാലെ ചെന്നൈയിലെ മാര്‍ഗഴി ഫെസ്റ്റ് ഉള്‍പ്പെടെ പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാന്‍ ലക്ഷ്യമിട്ടാണ് ഗാനഗന്ധര്‍വന്‍ എത്തുന്നത്.
സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിനായിരിക്കും യേശുദാസിന്‍റെ കച്ചേരി. 47 വര്‍ഷമായി തുടരുന്ന സൂര്യ ഫെസ്റ്റില്‍ കഴിഞ്ഞ നാല് വര്‍ഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 2019 ല്‍ ആയിരുന്നു യേശുദാസ് സൂര്യ ഫെസ്റ്റില്‍ അവസാനമായി എത്തിയത്.
84-ാം വയസിലും യുഎസിലെ വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. ഇടയ്ക്ക് അവിടത്തെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിരുന്നു. വയനാടിന് സഹായം അഭ്യര്‍ഥിക്കുന്നതിനായി പന്ത്രണ്ട് വര്‍ഷത്തിനുശേഷം യേശുദാസും വിദ്യാസാഗറും ഒന്നിക്കുന്ന സംഗീത ആല്‍ബവും അടുത്തിടെ ചര്‍ച്ചയായിരുന്നു.