ചെകുത്താനെപ്പോലെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാൺ ഇടേണ്ടത് അത്യാവശ്യമാണെന്ന് പോലീസ്


മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അജു അലക്സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു സിഐ സുനില്‍ കൃഷ്ണൻ. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു എന്നും സിഐ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതല നിര്‍ദേശമെന്നും സിഐ പറഞ്ഞു. സംഭവത്തിൽ അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സിഐ പറഞ്ഞു. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളതെന്നും തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയതെന്നും സിഐ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ്, മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകുമെന്നും സിഐ പറഞ്ഞു. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.

അതിനിടെ സംഭവത്തില്‍ അറസ്റ്റിലായ അജു അലക്‌സിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നിൽക്കുന്നുവെന്ന് അജു അലക്‌സ് പറഞ്ഞു. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞുവെന്നും മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കുമെന്നും അജു അലക്‌സ് പറഞ്ഞു.

ചെകുത്താൻ എന്ന എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന യൂട്യൂബറാണ് അജു അലക്സ്. വയനാട് ദുരന്തമേഖലയിലെ സന്ദർശനത്തിൻ്റെ പേരിൽ മോഹൻലാലിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടര്‍ന്നാണ് അജുവിനെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നുണ്ട്.
Previous Post Next Post