ശരിക്കും സരോജ് കുമാർ', മോഹൻലാലിനെതിരെ വിമർശകർ





വയനാട്ടിലെ ദുരന്തഭൂമിയിൽ ടെറിട്ടോറിയൽ ആർമി യൂണിഫോം അണിഞ്ഞ് എത്തിയ നടൻ മോഹൻലാലിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മോഹൻലാൽ ദുരന്തഭൂമിയിൽ വന്നു നടത്തിയത് വെറും പ്രഹസനമാണെന്നും ഇപ്പോഴാണ് ശരിക്കും 'സരോജ് കുമാർ' ആയതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പലരും കമന്‍റ് ചെയ്തിരിക്കുന്നത്. യൂണിഫോം അണിഞ്ഞ് മോഹൻലാൽ എത്തിയതു കൊണ്ട് രക്ഷാപ്രവർത്തകർക്ക് തടസം ഉണ്ടാക്കാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ലെന്നും നിരവധി പേർ കമന്‍റു ചെയ്തിട്ടുണ്ട്. ഇദ്ദേഹം സെലിബ്രിറ്റി ലെഫ്റ്റനന്‍റ് കേണൽ ആണ്. ഈ ദുരന്തപ്രദേശത്തു പട്ടാള യൂണിഫോം ഇട്ട നടനെയല്ല, ഒരു സൈനികനെയാണ് ആവശ്യം. അദ്ദേഹം സൈനിക വേഷത്തിൽ പോയത് കേവലം പബ്ലിസിറ്റിക്ക്‌ വേണ്ടിയാണെന്ന് ഏത് അരിഭക്ഷണം കഴിക്കുന്നവർക്കും മനസ്സിലാക്കാൻ കഴിയും. അദ്ദേഹം നൽകിയ ഫണ്ടിനെ കുറച്ചു കാണുന്നില്ലെങ്കിലും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ ആളുകളെ വിഡ്ഢികളാക്കി വാരികൂട്ടിയ കോടികളുടെ മുന്നിൽ വെറും നിഷ്പ്രഭം മാത്രമെന്നാണ് മറ്റൊരു കമൻ്റ്.

ദുരന്തത്തിന്‍റെ നാലാം നാളിലാണ് ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ മേപ്പാടിയിലെ സൈനിക ക്യാംപിലെത്തിയത്. തുടർന്നു മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് ദുരന്തത്തിന്‍റെ ആഘാതം വിലയിരുത്തി. ഇവിടെ സൈനിക ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും സംസാരിച്ചു. സേനയുടെ യൂണിഫോമിലായിരുന്നു മോഹൻലാലിന്‍റെ സന്ദര്‍ശനം. പുനധിവാസത്തിന് മൂന്ന് കോടി രൂപ സഹായവും പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴിയാകും പുനധിവാസ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. പ്രളയത്തില്‍ തകര്‍ന്ന മുണ്ടക്കൈ സ്‌കൂളും വിശ്വശാന്തി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പുനർനിർമിക്കുമെന്ന് മോഹൻലാലിനൊപ്പമുണ്ടായിരുന്ന സംവിധായകൻ മേജർ രവിയും പ്രഖ്യാപിച്ചിട്ടുണ്ട്.


അതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ കമൻ്റുകൾ നിറയുന്നത്. മോഹൻലാൽ അംഗമായ 122 ഇൻഫൻട്രി ബറ്റാലിയനാണ് (ടിഎ) ആദ്യമായി ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. നേരത്തെ, വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 2009ലാണ് മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ പദവി ലഭിച്ചത്.


Previous Post Next Post