ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം തടയാ‍ൻ കർശന നടപടി



ലണ്ടൻ: സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുന്നു. 6 ദിവസം മുൻപു തുടങ്ങിയ പ്രക്ഷോഭത്തിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോർട്ടിൽ 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിച്ചതിനെ തുടർന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന 2 ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു.



 
 കത്തിയാക്രമണത്തിനു പിന്നിൽ വെയിൽസിൽ ജനിച്ച 17 വയസ്സുകാരനാണെന്നു വ്യക്തമായിട്ടും തീവ്രവലതു സംഘടനകൾ പ്രക്ഷോഭം തുടരുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു. ‘ഇതു സംഘടിതമായ അക്രമമാണ്. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും’– സ്റ്റാമെർ പറഞ്ഞു. ബ്രിട്ടനിൽ 18 വയസ്സിൽ താഴെയുള്ള കുറ്റാരോപിതരുടെ പേര് വെളിപ്പെടുത്താറില്ല. എന്നാൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ ആക്സൽ റുഡകുബാന എന്ന പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാൻ ലിവർപൂൾ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.




 
Previous Post Next Post