സിനിമാ രംഗത്ത് പുറത്തു കാണുന്ന തിളക്കം മാത്രമെന്ന് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വേദനയുടേയും ആകുലതയുടേയും മേഘങ്ങളാണ് സിനിമയ്ക്ക് മുന്നിലുള്ളത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സിനിമയുടെ തുടക്കം ഘട്ടം മുതല്‍ കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകള്‍, ഈ രംഗത്തുള്ള വനിതകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. ആരെയും നിരോധിക്കാന്‍ ശക്തിയുള്ളവരാണിവര്‍. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രിമിനലുകളാണ് സിനിമാ ലോകം നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി.എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി.