സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന തൊഴിൽ ചൂഷണങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടുപലകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാ രംഗത്തെ ജൂനിയർ – സീനിയർ വ്യത്യാസമില്ലാതെ പല വനിതാ സിനിമാ പ്രവർത്തകരും ഇൻ്റസ്ട്രിയുടെ അകത്ത് നിന്ന് തന്നെ ലൈംഗീക ചൂഷണത്തിന് വിധേയമാകേണ്ടി വന്നതും, അത്തരം ശ്രമങ്ങൾ നേരിട്ടതും ഈ ദിവസങ്ങളിൽ തുറന്ന് പറയേണ്ടതുമാണ്.
ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കുകയും വേണം . തങ്ങൾ അനുഭവിച്ച ചൂഷണങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു.
പരാതിപ്പെടുന്നവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന ക്യാരക്ടർ അസസിനേഷനുകൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പ്രതീക്ഷ നൽകുന്നതാണ്.
നടിക്ക് നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാർ കൈകൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമ കമ്മറ്റിക്ക് രൂപം കൊടുത്തത്. ഇപ്പോൾ പുറത്ത് വന്ന ഹേമ കമ്മറ്റി റിപ്പോർട്ടും അതിനോട് സംസ്ഥാന സർക്കാർ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളും കൂടുതൽ സ്ത്രീകൾക്ക് തുറന്ന് പറച്ചിലിനുള്ള ധൈര്യം നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊരു പഠനവും റിപ്പോർട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്. ഇത്തരമൊരു നടപടി കേരളത്തിൽ സാധ്യമായത് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ – സാമൂഹിക സംസ്കാരവും, ഇടത്പക്ഷ ഭരണവും നിലനിൽക്കുന്നതിനാലാണ്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരോട് അപമര്യാദയോടെ പെരുമാറിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും നടൻ ധർമജൻ്റെയും നിലപാട് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.