വയനാട് ദുരനത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങളുമായി ദുഷ്കരമായ കാട്ടിലൂടെ കിലോമീറ്ററോളം ചുമന്ന് രക്ഷാപ്രവർത്തകർ. എയർ ലിഫ്റ്റിംഗ് വൈകിയതോടെയാണ് ശരീരഭാഗങ്ങൾ രക്ഷാപ്രവർത്തകർക്ക് കാട്ടിലൂടെ ചുമക്കേണ്ടിവന്നത്. സൂചിപ്പാറയിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളാണ് സന്നദ്ധ പ്രവർത്തകർ കിലോമീറ്ററോളം ചുമന്നത്.
ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ഉൾവനമാണ് സൂചിപ്പാറയിലുള്ളത്. ഉരുൾപൊട്ടലിൽ വലിയ പാറകളാണ് ഇവിടേക്ക് വന്ന് അടിഞ്ഞത്. ഇതിനിടയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കാലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. 15ഓളം വരുന്ന അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹ ഭാഗങ്ങൾ ഉള്ളത്. ഇത് കവറിൽ പൊതിഞ്ഞുകൊണ്ടാണ് ഇവർ കാട്ടിലൂടെ സഞ്ചരിച്ചത്.