തിരുവനന്തപുരം: നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യില്‍ മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മകള്‍ക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാല്‍ കയ്യില്‍ നായ മാന്തിയത് ജയ്നി കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല.
ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു.
തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു. നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്‍കിയിട്ടുണ്ട്.