രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് നിരവധിപേർ..ഡിജിപിക്ക് പരാതി..പ്രതിരോധത്തിലായി സര്‍ക്കാര്‍…


ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സാംസ്‌കാരിക മന്ത്രിക്ക് സംവിധായകന്‍ രഞ്ജിത്ത് ഇതിഹാസമായിരിക്കാം. പക്ഷെ ലൈംഗിക ആരോപണം നിസാരമല്ല. നടി വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരുനിമിഷം പോലും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അതിനാല്‍ രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ.ബിജു ആവശ്യപ്പെട്ടു.രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബയും ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് വനിതാ ആക്റ്റിവിസ്റ്റുകളും കൂട്ട നിവേദനം നല്‍കി. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സംവിധായകന്‍ ആഷിഖ് അബുവും ആവശ്യപ്പെട്ടു.


Previous Post Next Post