പന്തളം: ഹോംനേഴ്സ് ചമഞ്ഞ് വീട്ടിൽ അടുത്തുകൂടിയ ശേഷം വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല അടക്കം അഞ്ച് പവൻ മോഷ്ടിച്ച് കടന്നു കളഞ്ഞ ഹോംനേഴ്സും ഭർത്താവും പോലീസ് പിടിയിൽ. ഇടുക്കി ഏലപ്പാറയിലെ റോസ് മല വീട്ടിൽ മിനിയെന്ന് വിളിക്കുന്ന വിക്ടോറിയ രാമയ്യൻ( 39) ഭർത്താവ് കോട്ടയം കല്ലറ സൗത്ത് പി ഓയിൽ രേണുക ഭവനത്തിൽ സുന്ദരൻ എന്ന് വിളിക്കുന്ന ജയകാന്തൻ ( 49) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. തുമ്പമൺ വടക്കോട്ട് ചരിവിൽ വീട്ടിലെ 85 വയസ്സ് പ്രായമുള്ള വയോധികയുടെ ആഭരണമാണ് ഇവർ കവർന്ന് മുങ്ങിയത്.
സ്വർണം മോഷ്ടിച്ച് നാടുവിട്ട മിനി തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിയുള്ള ജയകാന്തനുമായി ചേർന്ന് തിരുവനന്തപുരം ചാലയിലുള്ള ഒരു സ്ഥാപനത്തിൽ സ്വർണ്ണ മോതിരം വിൽക്കുകയും, തുടർന്ന് നാല് ദിവസത്തിനുശേഷം കോട്ടയത്ത് എത്തി കോട്ടയത്തെ പ്രമുഖ ജ്വല്ലറിയിൽ മാല അടക്കമുള്ള സ്വർണാഭരണങ്ങൾ വിറ്റശേഷം മുങ്ങുകയുമായായിരുന്നു. പിന്നീട്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് അടുത്ത തട്ടിപ്പിനുള്ള ഒരുക്കം നടത്തിവരവേയാണ് പോലീസിന്റെ വലയിലായത്. വിക്ടോറിയക്ക് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. സുന്ദരൻ എറണാകുളത്ത് കത്തിക്കുത്ത് കേസിൽ പ്രതിയായി മൂന്നുവർഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘംരൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അടൂർ ഡി വൈ എസ് പി നിയാസിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ് ,സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം ,സിവിൽ പോലീസ് ഓഫീസർമാരായ എസ് അൻവർഷ , ആർ രഞ്ജിത്ത് , വനിതാ പോലീസ് ഉദ്യോഗസ്ഥ എസ് അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചും, ഹോംനേഴ്സിംഗ് സ്ഥാപനങ്ങൾ നടത്തിവരുന്ന കേരളത്തിലെ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടും , വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷിച്ചതിനെതുടർന്ന്, കോട്ടയം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. പിന്നീട് നടത്തിയ നീക്കത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ ഏറെ ശ്രമകരമായിട്ടാണ് പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ഇരുവരെയും അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .