കൂരോപ്പട : വയനാട്ടിലെ ദുരിത ബാധിർക്ക് അവശ്യ സാധനങ്ങൾ നൽകുന്നതിന് വാഹനം നിഷേധിച്ച് പഞ്ചായത്ത് സെക്രടറി. കൂരോപ്പട പഞ്ചായത്തിലെ ഏഴാം വാർഡിലെ ജനങ്ങളിൽ നിന്ന് ശേഖരിച്ച അവശ്യസാധനങ്ങൾ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറുന്നതിന് വാഹനം നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിൽ ഏഴാം വാർഡ് അംഗം അനിൽ കൂരോപ്പട പ്രതിഷേധിച്ചു. ഗ്രാമ പഞ്ചായത്തിന്റെ കൈവശം മൂന്ന് വാഹനങ്ങൾ ഉള്ളപ്പോഴാണ് ജനോപകാരപ്രദമായ കാര്യത്തിന് അകാരണമായി വാഹനം നൽകില്ലെന്ന് സെക്രട്ടറി സുനിമോൾ പറയുന്നത്. ജീവനക്കാർ യഥേഷ്ടം വാഹനം ഉപയോഗിക്കുന്നതിന് എതിരെ പരാതികൾ നിലനിൽക്കുമ്പോഴാണ് വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് അംഗം രംഗത്തിറങ്ങിയതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുന്ന സമീപനം ഉണ്ടായതെന്ന് പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട പറഞ്ഞു.
വാഹനം നിഷേധിച്ച സെക്രട്ടറിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് അനിൽ കൂരോപ്പട പറഞ്ഞു.
ജില്ലാ കളക്ടറുടെ അഭ്യർത്ഥനയെ തുടർന്നാണ് അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ ഇവ വാർഡിൽ നിന്ന് ശേഖരിച്ചത്.