വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയും അടച്ചുപൂട്ടിയുമാണ് ഓടിയതെന്ന് പ്രദേശവാസി പറഞ്ഞു. ഗൾഫ് നാടുകളിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന പലരും ഈ മേഖലയിൽ ഉണ്ടായിരുന്നു. അവരുടെയെല്ലാം വീടുകളിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് ദുരന്തം സംഭവിച്ചതറിഞ്ഞ് വീടുകൾ വിട്ട് ഓടിയത്. ജീവൻ മാത്രം കൈയ്യിൽ പിടിച്ചാണ് മിക്കവരും വീടുകളിൽ നിന്ന് ക്യാംപുകളിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.