ആലപ്പുഴ▪️*ചേര്‍ത്തലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചത് തുമ്പപ്പൂവ് തോരന്‍ മൂലം അല്ലെന്ന് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) മരിച്ചത് തുമ്പപ്പൂവ് തോരന്‍ കഴിച്ചതിനെ തുടര്‍ന്നാണെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.
തോരന്‍ കഴിച്ച മറ്റു ബന്ധുക്കള്‍ക്ക് ഇതുവരെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല. അതിനാലാണ് ഇന്ദുവിന്റെ മരണത്തില്‍ വില്ലന്‍ തുമ്പപ്പൂവ് അല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
യുവതിക്ക് പ്രമേഹം തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഇന്ദു തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച എറണാകുളം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു യുവതിയുടെ മരണം. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.