ഇന്ന് പുതിയ കൊല്ലവര്‍ഷം തുടങ്ങുമ്പോള്‍ ഒരു നൂറ്റാണ്ടിനു കൂടി തുടക്കമാകുകയാണ് ...



 

ഭാരതത്തില്‍ പൊതുവെ ഉപയോഗിച്ചിരുന്നത് ശകവര്‍ഷ കലണ്ടറാണ്. ഇത് ശകവര്‍ഷം 1946 ആണ്. അര്‍ദ്ധ-ചാന്ദ്ര വര്‍ഷ ഘടനയാണ് ശകവര്‍ഷത്തിന്റേത്. സൗരമാസങ്ങളുമായി ഘടിപ്പിച്ച ചന്ദ്രമാസങ്ങളാണ് ശക വര്‍ഷത്തിലേത്. ചാന്ദ്രവര്‍ഷം സൗര വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം പതിനൊന്നു ദിവസം കുറവാണ്. അതതിനാല്‍ ഓരോ വര്‍ഷവും പതിനൊന്നു ദിവസം വച്ചു പുറകോട്ട് പോവുകയും അങ്ങനെ ഇവ ഋതുകളില്‍ നിന്നും വേറിട്ടു പോവാനും ഇടയാകും. ഇതു വരാതിരിക്കാനാണ് ”അധിമാസം” കൊണ്ടുവന്നിട്ടുള്ളത്. അധിവര്‍ഷ (leap year)ത്തില്‍ ഒരു അധികദിനം ഫെബ്രുവരിയില്‍ ചേര്‍ക്കുന്ന സമ്പ്രദായത്തിനു സദൃശമാണ് അധിമാസം.

ആര്യഭടന്‍, വരാഹമിഹിരന്‍, ഭാസ്‌കരന്‍ ഒന്നാമന്‍ തുടങ്ങിയ ഗണിത, ജ്യോതിഷ പ്രഗത്ഭമതികള്‍ ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളവും തമിഴ്‌നാടിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന തമിഴകത്ത് ഒരു പുതിയ കലണ്ടര്‍ ആരംഭിച്ചു. കലിവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി സൗര വര്‍ഷഘടന പിന്തുടരുന്ന ആ കലണ്ടര്‍ നിരയന (sidereal) സമ്പ്രദായത്തില്‍ ഉള്ളതായിരുന്നു. കൂടാതെ വിഷുവദ്ദിനവും (Equ-inox) മേടം ഒന്നിനു തന്നെയായിരുന്നു. പക്ഷേ നാമിന്ന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ സായനം (tropical) ആണ്.

പുതിയ കലണ്ടര്‍ സൗരമാണെങ്കിലും മാസങ്ങളുടെ പേര് ശകവര്‍ഷത്തെ അധീകരിച്ച് ചിത്തിര, വൈകാശി, ആനി, ആടി, ആവണി, പുരുട്ടാശി, അല്പശി, കാര്‍ത്തിക, മാര്‍കഴി, തൈ, മാശി, പൈങ്കുനി എന്നിങ്ങനെ ആയിരുന്നു. ഇന്നും മലയാളത്തില്‍ ആവണിപ്പിറപ്പും തൈപ്പൂയവും പൈങ്കുനി ഉത്രവുമെല്ലാം സ്മരണീയവും ആചരണീയവും ആണല്ലോ. പിന്നീട് ശകാബ്ദം 746ല്‍ (AD 824ല്‍ ) ഈ തമിഴ് വര്‍ഷത്തെ പരിഷ്‌ക്കരിച്ചാണ് നാമിന്ന് ഉപയോഗിച്ചു പോരുന്ന കൊല്ലവര്‍ഷത്തിനു രൂപം നല്‍കിയത്. ഈ പരിഷ്‌കരണത്തില്‍, വര്‍ഷാരംഭം മേടത്തില്‍(ചിത്തിര) നിന്നും മാറി ചിങ്ങത്തിലായി. ജ്യോതിഷ ദൃഷ്ടിയില്‍ ചിങ്ങം സൂര്യന്റെ സ്വക്ഷേത്രമാണല്ലോ. മാസങ്ങള്‍ക്ക് രാശികളുടെ പേര് കൊടുത്താണ് രണ്ടാമത്തെ മാറ്റം.

സൂര്യന്‍ സ്ഥിരനാണെങ്കിലും ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഒരു വര്‍ഷം ഒരു പരിക്രമണം (revolution) പൂര്‍ത്തിയാക്കും. ഇതാണ് ഒരു നിരയന (sidereal) വര്‍ഷം. ഇത് ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ നിന്ന് ആരംഭിച്ച് അവിടെ തിരിച്ചു വരുന്ന രീതിയിലാക്കിയാല്‍ കൊല്ലവര്‍ഷമായി.

കൊല്ലവര്‍ഷം കൊണ്ടുവന്നത് ശങ്കരനാരായണന്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നത്രേ. അന്ന് മഹോദയപുരത്തുണ്ടായിരുന്ന വാനനിരീക്ഷണശാല ഇദ്ദേഹത്തിന്റെ ചുമതലയില്‍ ആയിരുന്നു. ഭാസ്‌കരീയത്തിന്റെ വ്യാഖ്യാനം ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ശങ്കരനാരായണന്‍. അക്കാലം കൊടുങ്ങല്ലൂര്‍ മേഖലയ്‌ക്കും കൊല്ലം (കൊല്ലപുരി) എന്ന് പേരുള്ളതായി ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടി എന്ന മുന്‍ തുറമുഖത്തെയും പന്തലായനി കൊല്ലം എന്ന് പറയാറുണ്ട്.
സംസ്‌കൃതത്തില്‍ ‘കോളംബ’ വര്‍ഷം എന്നാണ് കൊല്ലവര്‍ഷത്തിന്റെ പേര്. ‘കോളംബ വര്‍ഷാ ഗത വത്സരാന്താ ഏതേ സഭാ സ്ഥാന യുതാഃ ശകാബ്ദാ’ ഇതി എന്നാണ്. അതായത് തികഞ്ഞ കൊല്ലവര്‍ഷത്തില്‍ 747 കൂട്ടിയാല്‍ ശകവര്‍ഷം കിട്ടും.

ഇംഗ്ലീഷുകാര്‍ കൊല്ലവര്‍ഷത്തെ Malabar Era (ME) എന്നാണ് വിളിച്ചിരുന്നത്. മലബാറില്‍ കന്നി ഒന്നായിരുന്നു പുതുവത്സരാരംഭമെന്ന കൗതുകവുമുണ്ട്. തിരുവിതാംകൂറില്‍ ഔദ്യോഗിക കലണ്ടറും കൊല്ലവര്‍ഷം ആയിരുന്നു.

എന്തായാലും മലയാളിയുടെ തനത് പൈതൃകത്തിന്റെ അടയാളപ്പെടുത്തലാണ് വിഷുവില്‍ നിന്നും പിരിഞ്ഞ് ഓണത്തിലെത്തിയ പുതുവത്സരാരംഭവും കൊല്ലവര്‍ഷവും.
‘ആവണിയണിയും പൂവണിലതയുമായി’ ഉത്രാടപ്പൂനിലാവില്‍ കുളിച്ച് പുതിയ നൂറ്റാണ്ടിന്‍ പിറവിയായി പുതുവത്സരമെത്തുമ്പോള്‍ ‘മത്സരമെല്ലാം തീര്‍ന്ന് വൈരം വെടിയണ’മെന്നു പ്രാര്‍ത്ഥിക്കാം.
Previous Post Next Post