കൊച്ചി നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു.. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.
ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നൽകിയെന്ന് പൊലീസ് വ്യക്തമാക്കി. മർദിച്ചതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തത് .മർദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. അടുത്തു തന്നെ വിവാഹം ചെയ്യാനും ഇവർ തീരുമാനിച്ചിരുന്നു എന്നാണ് വിവരം.വൈകിയെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.എന്നാൽ മർദിച്ചതിൽ പരാതി ഇല്ലെന്ന നിലപാടായിരുന്നു യുവതിക്ക്. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങി.എന്നാൽ പിന്നീട് യുവതിയുടെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.