തിരു: നേതൃത്വത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത അമ്മ ആക്ടിങ് സെക്രട്ടറി ബാബുരാജ് രാജിവയ്ക്കണമെന്ന് നടി ശ്വേത മേനോന്‍ പറഞ്ഞു. സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും ആരോപണം ഉയര്‍ന്നാല്‍ മാറി നില്‍ക്കണം
ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാകുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം തന്നെ പറയണം. ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ നിയമം. ഇത് ശരിയല്ല’ – ശ്വേത മേനോന്‍ പറഞ്ഞു. നേരത്തെ ‘അമ്മ’ഇന്റേണല്‍ കമ്മറ്റിയുണ്ടാക്കിയപ്പോള്‍ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോന്‍ ആയിരുന്നു. നടന്‍ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ നേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശ്വേത ആ സ്ഥാനം രാജിവച്ചിരുന്നു
അതേസമയം, അമ്മ ഇന്നു ചേരാനിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി. അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണു കാരണമായി പറയുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ യോഗം ചേര്‍ന്നാല്‍ സ്ഥിതി സ്‌ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്. ജനറല്‍ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃപ്രതിസന്ധിയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഓണ്‍ലൈന്‍ യോഗത്തിനാണു കൂടുതല്‍ സാധ്യത. പ്രതിഛായയുള്ള വ്യക്തിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമാണ്. തുടക്കം മുതല്‍ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറല്‍ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ത്രീയായിരിക്കണമെന്ന വാദവും ഉയരുന്നുണ്ട്.