മലയിന്‍കീഴ്: പൊളിയ്ക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലയിന്‍കീഴ് സബ്ബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ബി.എസ്.എന്‍.എല്‍. കേബിള്‍ മുറിച്ചുമാറ്റിയതിനാല്‍ ആധാരം പതിയ്ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഇന്നലെ നിലച്ചു. മലയിന്‍കീഴ് പഞ്ചായത്താഫീസിന്റെ താഴത്തെ നിലയിലാണ് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റി പുതിയകെട്ടിട്ടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്താഫീസ് ആഴ്ചകള്‍ക്കു മുന്‍പ് അവിടെ നിന്നും മാറ്റിയിരുന്നു. സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഉടന്‍ പുതിയ കെട്ടിടത്തിലേയ്ക്കു മാറുകയാണ്. സെപ്തംബർ 4ന് സബ്ബ് രജിസ്ട്രാര്‍ ഓഫീസിസ് കെട്ടിടം ഉദ്ഘാടനം നടക്കും. ഞായറാഴ്ച മുതല്‍ ഓഫീസിലെ സാധനങ്ങള്‍ മാറ്റിത്തുടങ്ങുമെന്ന് സബ്ബ് രജിസ്ട്രാര്‍ പറഞ്ഞു.
വ്യാഴാഴ്ച പഞ്ചായത്താഫീസിലെ കേബിളുകള്‍ മുറിച്ചുമാറ്റുന്നതിനിടയിലാണ് അന്യസംസ്ഥാന ജോലിക്കാര്‍ സബ്ബ്‌രജിസ്ട്രാര്‍ ഓഫീസിലെ കേബിള്‍ മുറിച്ചത്. ഇതോടെ ഓഫീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. സബ്ബ്‌രജിസ്ട്രാര്‍ ഓഫിസിലെത്തുന്ന നിരവധിപേര്‍ പൊളിക്കുന്ന കെട്ടിടത്തിനു താഴെയാണ് നില്‍ക്കുന്നത്. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സബ്ബ്‌രജിസ്ട്രാര്‍ ഓഫീസ് മാറുമെന്നിരിക്കെ അതിനു മുന്‍പ് കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സബ്‌രജിസ്ട്രര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്കു കത്തു നല്‍കി. എന്നാൽ പൊളിക്കൽ തകൃതിയിൽ നടക്കുകയാണ്.