സ്യൂട്ട്കേസിൽ യുവാവിന്റെ മൃതദേഹം: 'കാമുകനൊപ്പം ജീവിക്കണം', കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യ: അറസ്റ്റിൽ




മുംബൈ: സ്യൂട്ട്കേസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ ഭാര്യ റുക്സാന അറസ്റ്റിൽ. പ്രതികളിൽ ഒരാളായ ജയ് ചൗഡയുമായി റുക്സാന അടുപ്പത്തിലായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാന കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ റുക്സാന വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതാണ് പൊലീസിന് സംശയമുണ്ടായത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഒരു വർഷത്തോളമായി റുക്സാനയും ജയ് ചൗഡയും ബന്ധത്തിലാണ്. ഒന്നിച്ചു ജീവിക്കുന്നതിനായി ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തു. അറസ്റ്റിലായ ശിവജിത് സുരേന്ദ്ര സിങ്ങുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. ആറ് മാസം മുൻപ് ശിവജിത് സുരേന്ദ്ര സിങ്ങുമായി അർഷാദ് അലി വഴക്കിട്ടിരുന്നു.

കൊലചെയ്യുന്നതിനു മുൻപ് അതിക്രൂരമായ അക്രമത്തിനാണ് അർഷാദ് അലി ഇരയായത്. ഇയാളെ വിവസ്ത്രനാക്കി കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഈ സമയത്ത് ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് രണ്ട് പേരെ വിഡിയോ കോൾ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മർദനത്തിന്റേയും കൊലപാതകത്തിന്റെ വിഡിയോ ചിത്രീകരിക്കുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Previous Post Next Post