ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. അടുത്തിടെ പല പുത്തന്‍ ഫീച്ചറുകളും വാട്‌സ്ആപ്പില്‍ വന്നു. ചാറ്റ് ഇന്‍ഫോ സ്ക്രീനില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും.
വാട്‌സ്ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്. ഇതോടെ അവതാറും പ്രൊഫൈല്‍ ഡീറ്റൈല്‍സും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അവതാറുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പില്‍ എത്തുന്നുണ്ട്. നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളിൽ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്‌സ്ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് അവതാറിനെ കുറിച്ച് പുതിയ സൂചന വന്നിരിക്കുന്നത്.
എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വോയ്‌സ് മെസേജുകള്‍ വഴിയുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാന്‍ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്യുന്നത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.16.10 വേര്‍ഷന്‍റെ ബീറ്റയിലാണ് പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പോഗ്രാമിന്‍റെ ഭാഗമായുള്ളവര്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാനാകും. ഇപ്പോള്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ പുത്തന്‍ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ.