വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്.കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി.
കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.