പാലായിൽ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ.



 പാലാ : വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  മധ്യവയസ്കനിൽ നിന്നും 38 ലക്ഷത്തോളം   രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട്   രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കട്ടയാട്ട്പറമ്പ് ഭാഗത്ത് പുതിയറ മാളിയേക്കൽ വീട്ടിൽ(ചെലവൂർ പുതുക്കുടി ഭാഗത്ത് ഇപ്പോൾ താമസം) മുഹമ്മദ് ഇർഷാദ് (36), കോഴിക്കോട് ചെലവൂർ മൂഴിക്കൽ കളവത്തൂർ ഭാഗത്ത് ശിവം ഹൗസിൽ വീട്ടിൽ  ലെജിൽ കെ.പി (34)  എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ളാലം സ്വദേശിയായ മധ്യവയസ്കനെ വാട്സാപ്പിലൂടെ താൻ വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഏഷ്യയുടെ ഡയറക്ടർ ആണെന്ന്  പരിചയപ്പെട്ട്  ഈ കമ്പനി വഴി കൂടുതൽ ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളില്‍ നിന്നും മുപ്പത്തിയേഴ്‌ ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (37,95,000)  രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് മധ്യവയസ്കന് ലാഭം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് താൻ കബളിക്കപെട്ടെന്ന് മനസ്സിലാവുകയും  പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും   ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ ഇവർ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, സി.പി.ഓ മാരായ അജയകുമാർ, അഖിലേഷ്, ജിജോ മോൻ, രഞ്ജിത്, ഐസക് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Previous Post Next Post