തിരുവനന്തപുരം ബീമാപ്പള്ളി ഗുണ്ടാ കൊലപാതകത്തിൽ ഒന്നാം പ്രതി പിടിയിൽ.ഒന്നാം പ്രതി ഇനാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്.ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുൻ സുഹൃത്തുക്കള്‍ തന്നെയാണ്.
സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തർക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഒരാഴ്ച മുൻപ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ബീമാപ്പള്ളിക്ക് സമീപം വച്ച് വീണ്ടും ഏറ്റമുട്ടലുണ്ടായി. രാത്രിയിൽ ബീച്ചിലേക്ക് പോകുന്ന വഴിക്കിറങ്ങിയ ഷിബിലിയെ ഇനാസും ഇനാദും സുഹൃത്തുക്കളും ആക്രമിച്ചുവെന്നാണ് പൊലിസിന് കിട്ടിയ വിവരം. ഷിബിലിലെ കുത്തിവീഴ്ത്തിയ ശേഷം ഇനാസും ഇനാദും രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ആരൊക്കെയാണെന്ന് പൊലീസിന് ഇതേവരെ വിവരമില്ല.