ഇന്ന് രാത്രി 12.30 മുതല്‍ സമാപന ചടങ്ങുകള്‍, ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്‌പോര്‍ട്‌സ് 18 1 എച്ഡി ചാനലുകള്‍ വഴി തത്സമയം കാണാം. ജിയോ സിനിമ ആപ്പിലൂടെ മൊബൈല്‍ വഴിയും ലൈവ് കാണാം.
അടുത്ത ഒളിംപിക്‌സ് ലോസ് ആഞ്ജലസില്‍. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2028ല്‍ ക്രിക്കറ്റടക്കമുള്ളവയുടെ പ്രവേശനത്തിലൂടെ ആ പോരാട്ടവും ചരിത്രമാകാന്‍ ഒരുങ്ങുന്നു. ഇന്ന് രാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കൂടുതല്‍ പാരമ്പര്യത്തിലൂന്നിയുള്ള ചടങ്ങുകള്‍ക്കാണ് ലോകം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്. ഇതിഹാസ താരവും മലയാളി ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷും രണ്ട് വെങ്കല മെഡലുകള്‍ രാജ്യത്തിനു സമ്മാനിച്ച് അഭിമാനമായ മനു ഭാകറും സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും.
ഇന്ത്യക്ക് ഇത്തവണ അല്‍പ്പം നിരാശയാണെങ്കിലും പല താരങ്ങളും നാലാം സ്ഥനത്ത് നേരിയ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തത് പ്രതീക്ഷയാണ്. ഇന്ത്യ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 6 മെഡലുകളുമായാണ് മടങ്ങുന്നത്. കഴിഞ്ഞ തവണ ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ഇത്തവണ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ഏക വെള്ളി സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.