സോഷ്യൽ മീഡിയയിൽ വ്യാപകമായി മമ്മൂട്ടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ'അമ്മ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ. മോഹൻലാലിനെതിരായ പരാമർശത്തിൽ യൂട്യൂബർ അജു അലക്സിനെതിരെ അമ്മ നടപടി എടുത്ത പശ്ചാത്തലത്തിലാണ് അരുൺ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചത്.
'മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്താൻ ഈ കുറിപ്പ് ഇവിടെ ചേർക്കുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് അമ്മ നിയമ നടപടികൾ സ്വീകരിച്ചത്. ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് തന്നെ അമ്മയോട് ചോദിക്കട്ടെ. നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല ' അരുൺ ചോദിച്ചു.
പുഴു എന്ന സിനിമയുടെ പേരിൽ മതതീവ്രവാദിയായി വരെ ആ കലാകാരൻ്റെ ചില തൽപ്പരകക്ഷികൾ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ , സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കുംവിധമുള്ള കമൻ്റുകൾ കാണാം. അത് തുടരുന്നു' എന്നും അരുൺ പറഞ്ഞു.
തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തിൻ്റെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ് മമ്മൂട്ടിയെ മതത്തിൻ്റെ പേര് വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ അമ്മ പുലർത്തിയ മൗനം സംശയകരവും പ്രതിഷേധവുമാണ്.ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ രേഖപ്പെടുത്തുന്നു' എന്നും അരുൺ കൂട്ടിച്ചേർത്തു.