ഉജ്വൽ യോജന കണക്ഷനെടുത്തു...ആര്യയ്ക്കും, അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാം


വെള്ളറട : പ്രധാനമന്ത്രി ഉജ്വൽ യോജന ഗ്യാസ് കണക്ഷനെടുത്ത കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ ചിമ്മണ്ടി പന്നിയോട് ഗിരിജാ ഭവനിൽ ആര്യയ്ക്കും ഭർത്താവ് അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അപൂർവ്വ അവസരം.


ഓരോ ഭാരതീയനും പങ്കെടുക്കാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിനും രാഷ്ട്രപതിയെ കാണാനുമാണ് ക്ഷണം. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യാ പോസ്റ്റ് അധികൃതർ രാഷ്ട്രപതിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കുന്നത്തുകാൽ ചിമ്മണ്ടിയിലെ വീട്ടിലെത്തി കൈമാറിയത്.ഭാരത് പെട്രോളിയം ഉദിയൻകുളങ്ങരയിലെ ഗ്യാസ് ഏജൻസിയിൽ നിന്നും 2019 ലാണ് കുടുംബം കണക്ഷനെടുത്തത്.

തിരുവനന്തപുരം മേഖലയിലെ ഭാരത് പെട്രോളിയം ഗ്യാസ് ഏജൻസിയായ പൂർണ ഗ്യാസ് ഏജൻസിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഉജ്വൽ ഗ്യാസ് കണക്ഷൻ നൽകിയിട്ടുള്ളത്.ഇതിൻ്റെയടിസ്ഥാനത്തിലാണ് ഈ ഏജൻസിക്കു കീഴിലെ ഉപഭോക്താക്കളിലൊരു കുടുംബത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുപ്പിക്കാൻ ഭാരത് പെട്രോളിയം അധികൃതർ രാഷ്ട്രപതി ഭവൻ്റെ അനുമതി തേടിയത്.

ഭാഗ്യം തേടിയെത്തിയത് ആര്യയുടെ കുടുംബത്തെയായിരുന്നു. വീട്ടിൽനിന്നും പുറപ്പെട്ട് ആഗസ്റ്റ് 15 ന് നടക്കുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലും രാഷ്ട്രപതി ഭവനിലെ സന്ദർശനവും വിരുന്നും കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നതുവരെയുള്ള ഇവരുടെ മുഴുവൻ ചിലവും ഭാരത് പെട്രോളിയം കമ്പനി വഹിക്കും. 

ഉജ്വൽ യോജന ആരംഭിച്ചതുമുതൽ നാളിതു വരെ ഏഴായിരത്തോളം കണക്ഷനുകളാണ് പൂർണ ഗ്യാസ് ഏജൻസിയിൽ നിന്നും നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. നിലവിലും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ഭാരത് പെട്രോളിയം കമ്പനിക്കു കീഴിൽ ഒഡീസയിൽ നിന്നും, ബിഹാറിൽ നിന്നും, ജമ്മുവിൽ നിന്നും ഓരോ കുടുംബങ്ങൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും.

സ്വച്ഛ് ഇന്ധൻ, ബെഹ്താർ ജീവൻ എന്ന ടാഗ് ലൈനോടെ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ് 2016 മെയ് 1 ന് ആണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന സാമൂഹ്യക്ഷേമ പദ്ധതി ആരംഭിച്ചത്.

2019-ഓടെ രാജ്യത്താകമാനം ഇളവോടെ എൽപിജി കണക്ഷനുകൾ നൽകിക്കൊണ്ട് അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് (ബിപിഎൽ) പ്രയോജനം നേടാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
2016 മെയ് മാസത്തിൽ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം (എംഒപിഎൻജി) പ്രധാനമന്ത്രി ഉജ്ജ്വല യോജന’ (പിഎംയുവൈ) ഒരു പ്രധാന പദ്ധതിയായി അവതരിപ്പിച്ചു, എൽപിജി പോലുള്ള ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണർക്കും ദരിദ്രർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത പാചക ഇന്ധനങ്ങളായ വിറക്, കൽക്കരി, ചാണകം പിണ്ണാക്ക് മുതലായവയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടു. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാലാണിത്. പദ്ധതി പ്രകാരം 2019 സെപ്റ്റംബർ 7 ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വെച്ച് എട്ടാമത്തെ കോടി എൽപിജി കണക്ഷൻ കൈമാറി.
ഉജ്ജ്വല 2.0-ന് കീഴിലുള്ള കണക്ഷനുകളുടെ എണ്ണം ലക്ഷ്യം കൈവരിച്ചതോടെ പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം കണക്ഷനുകൾ 9.6 കോടിയായി.
Previous Post Next Post