കണ്ണൂർ: കുടുംബ വാട്സാപ്പ് കൂട്ടായ്മയിൽ സർവീസ് തോക്കുമായി പോലീസുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതോടെ വകുപ്പുതല അന്വേഷണം തുടങ്ങി.
ജില്ലാ പോലീസ് ആസ്ഥാനത്തെ അഞ്ചരക്കണ്ടി സ്വദേശിയായ സബ് ഇൻസ്പെക്ടർക്കെതിരെയാണ് അന്വേഷണം. കാറിൽ റിവോൾവർ നെഞ്ചോടു ചേർത്തുവെച്ച് മഫ്തിയിലുള്ള ഫോട്ടോയ്ക്കുതാഴെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതാണ് പോസ്റ്റ്.
കുടുംബ വാട്സാപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച പോസ്റ്റ് മറ്റാരോയെടുത്ത് സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുമുൻപ് നൂറിലധികംപേർ പങ്കെടുത്ത കുടുംബകൂട്ടായ്മയിൽ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഗ്രൂപ്പിലുണ്ടായ ചർച്ചയ്ക്കിടെയാണ് ഭീഷണിപ്പെടുത്തലുണ്ടായത്.