'
ജക്കാർത്ത: കല‍്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് നിരന്തരം ശല‍്യം ചെയ്‌ത അറുപതു വയസുകാരനെ അയൽവാസിയായ യുവാവ് മരക്കഷണംകൊണ്ട് തല്ലിക്കൊന്നു. ഇന്തോനേഷ‍്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ മരിയ മാർപാങ് പറയുന്നതനുസരിച്ച്, മാരകമായ ആക്രമണത്തിന് ഇരയായത് അറുപതുകാരനായ റിട്ടയേർഡ് സിവിൽ സർവീസ് ഉദ‍്യോഗസ്ഥൻ അസ്‌ഗിം ഇരിയാന്‍റോയാണ്. ആക്രമണകാരിയായ പർലിന്‍ ദുങ്ഗൻ സിരേഗർ തന്‍റെ വൈവാഹിക ജീവിതത്തെക്കുറിച്ച് വയോധികന്‍റെ നിരന്തരമായ ചോദ്യം കേട്ട് വേദനിക്കുകയും അലോസരപ്പെടുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്.
ഇരയുടെ ഭാര്യയുടെ മൊഴി പ്രകാരം, ജൂലൈ 29 ന് ഇരയുടെ വീട്ടിലെത്തി സിരേഗർ ഒരു മരക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരിയാന്‍റോ തെരുവിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നിരുന്നാലും, സിരെഗർ ഇരയെ പിന്തുടർന്ന്, പിടികൂടി തലയിൽ മാരകമായ പരുക്കേൽപ്പിച്ചു. നിലത്തുവീണിട്ടും സിരേഗർ ദയയില്ലാതെ മർദിച്ചുകൊണ്ടിരുന്നു. മറ്റു താമസക്കാർ ഇടപെട്ട് അക്രമണം തടഞ്ഞ് ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സിരേഗറിനെ ഉടനെ പൊലീസ് അറസ്‌റ്റ് ചെയ്തു വൈവാഹിക ജീവിതത്തെക്കുറിച്ച് വൃദ്ധന്‍റെ നിരന്തര ചോദ‍്യമാണ് മരണത്തിലേക്ക് വഴിതെളിയിച്ചതെന്ന് യുവാവ് മൊഴി നൽകിയതായി പൊലീസ് വ‍്യക്തമാക്കി.