വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യയും ഭർത്താവും തമ്മിലടിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽ ഗുതുരമായി പരിക്കേറ്റ ഭാര്യ മരിച്ചു.പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.കർണാടകയിലെ കോലാർ ജില്ലയിലാണ് സംഭവം നടന്നത്.19 വയസുകാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു കോലാർ ഗോൾഡ് ഫീൽഡിലുള്ള (കെ.ജി.എഫ്) ഒരു ഹാളിൽ വെച്ച് ഇവരുടെ വിവാഹം. ഇരുവരും ബന്ധുക്കൾക്കൊപ്പം ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷം പിന്നീട് നവീന്റെ അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.ഇവിടെവെച്ചാണ് ഇരുവരും തമ്മിൽ തർക്കമായത്.അകത്തു നിന്ന് വാതിലടച്ച് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ അകത്തുനിന്ന് ഇരുവരുടെയും നിലവിളി ഉയർന്നു.ബന്ധുക്കൾ ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ നവീൻ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതിൽ തകർത്ത് ബന്ധുക്കൾക്ക് അകത്ത് കടക്കാനായത്. അപ്പോഴേക്കും ലിഖിത രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. നവീന്റെ ശരീരത്തിലും കാര്യമായ പരിക്കുകളുണ്ടായിരുന്നു.
ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകിയത് കാരണം ബന്ധുക്കൾ ഒരു ഓട്ടോറിക്ഷയിൽ ഇരുവരെയും കയറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇതിനോടകം തന്നെ ലിഖിതയുടെ മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബന്ധുവീട്ടിൽ വെച്ച് നവീന് കത്തി എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറയുന്നത്.