പച്ചക്കറി, പൂക്കള്‍, വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ...; ന്യായവിലയ്ക്ക് 2154 ഓണച്ചന്തയുമായി കുടുംബശ്രീ



തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനമാകെ 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ. പച്ചക്കറി മുതല്‍ പൂക്കള്‍വരെ ഓണച്ചന്തകളില്‍ ലഭ്യമാക്കും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 10ന് മന്ത്രി എം ബി രാജേഷ് പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബശ്രീക്കുകീഴിലുള്ള 1070 സിഡിഎസില്‍ ഓരോന്നിലും രണ്ടുവീതം 2140 ചന്തയും 14 ജില്ലാ വിപണനമേളയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് 2154 ഓണച്ചന്തയുണ്ടാകും. മേള സംഘടിപ്പിക്കാന്‍ ഓരോ ജില്ലക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ, നഗര സിഡിഎസുകള്‍ക്ക് 20,000 രൂപവീതവും നല്‍കും. നഗര സിഡിഎസില്‍ രണ്ടില്‍ കൂടുതലുള്ള ഓരോ മേളയ്ക്കും 10,000 രൂപവീതവും നല്‍കും. ഒരു അയല്‍ക്കൂട്ടത്തില്‍നിന്ന് കുറഞ്ഞത് ഒരുല്‍പ്പന്നമെങ്കിലും മേളയില്‍ എത്തിക്കും.

'ഫ്രഷ് ബൈറ്റ്‌സ്' ചിപ്‌സ്, ശര്‍ക്കരവരട്ടി തുടങ്ങി കുടുംബശ്രീ ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. ധാന്യപ്പൊടി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയും ലഭിക്കും. വനിതാകര്‍ഷകര്‍ കൃഷിചെയ്ത ചെണ്ടുമല്ലി, ബന്ദി, മുല്ല, താമര തുടങ്ങിയ വിവിധയിനം പൂക്കളും മേളയിലുണ്ടാകും. 14ന് സമാപിക്കും.
Previous Post Next Post