എഡിജിപി എംആര്‍ അജിത്ത് കുമാര്‍ 4 ദിവസം അവധിയിലേക്ക്




തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്ത് കുമാര്‍ 4 ദിവസം അവധിയിലേക്ക്. സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് നാലു ദിവസത്തെ അവധി.

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാല്‍, സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

പൊലീസ് ഉന്നതരുമായും ഹേമ കമ്മിറ്റിയുമായും ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ ഇന്നലെ രാത്രി നിർണായക കൂടിക്കാഴ്ച നടന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.

ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു.
Previous Post Next Post