നോട്ട് എണ്ണുവാൻ 50 രൂപ അധികം ഈടാക്കിയ ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച് 8050/ രൂപ പിഴയടിക്കാൻ ഉപഭോക്തൃ തർക്കപരിഹാര കോടതി വിധി


ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണം എണ്ണി തിട്ടപ്പെടുത്താൻ കൗണ്ടിങ് ചാർജ് എന്ന പേരിൽ അന്യായതുക ഈടാക്കിയതിൽ ഉപഭോക്തൃ കോടതിയുടെ ഇടപെടൽ. നിയമവിരുദ്ധമായി 50 രൂപ അധികം ഈടാക്കിയ ബാങ്ക്, നഷ്ടപരിഹാരമായി  3,000/- രൂപയും കോടതി ചെലവിനത്തിൽ  5,000 രൂപയും അധികമായി ഈടാക്കിയ 50 രൂപയും സഹിതം 8050 രൂപ ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ചിന് നിർദ്ദേശം നൽകി. എറണാകുളം അങ്കമാലി സ്വദേശി ഇ.എ.ബേബിയുടെ പരാതിയിലാണ് നടപടി. 

ബിസിനസ് ആവശ്യത്തിന് വേണ്ടി കെ.കെ.ഫിലിപ്പ് എന്നയാളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ 20,000 രൂപയാണ് പരാതിക്കാരൻ ബാങ്കിൽ എത്തിച്ചത്. 20 രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 10 ബണ്ടിൽ ആയിരുന്നു. ഈ  നോട്ടുകൾ എണ്ണിയെടുത്തതിൻ്റെ പേരിൽ ബാങ്ക് 100 രൂപ സർവീസ് ചാർജ് ഈടാക്കി. എന്നാലിത് അന്യായമാണെന്നും 50 രൂപ മാത്രമേ ഈടാക്കാൻ നിയമപ്രകാരം കഴിയൂവെന്നും ബോധ്യപ്പെട്ട പരാതിക്കാരൻ ബാങ്കിന് നോട്ടീസയച്ചു. അധികമായി വാങ്ങിയ തുക തിരിച്ച് നൽകണമെന്നും അതിനൊപ്പം 5 ലക്ഷം രൂപ നഷ്ടപരിഹാരം, 25000 കോടതി ചെലവ് എന്നിങ്ങനെ നൽകണമെന്നും നോട്ടീസിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് നിരാകരിക്കപ്പെട്ടതോടെ ആണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

എന്നാൽ 50 രൂപ അധികം വാങ്ങിയത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായി ബാങ്ക് കോടതി മുൻപാകെ ബോധിപ്പിച്ചു. എന്നാൽ പരാതിക്കാരന് ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് അദ്ദേഹം  നേരത്തെ പണമടച്ച കെ.കെ.ഫിലിപ്പിൻ്റെ അക്കൗണ്ടിലേക്ക് GST തുക ഉൾപ്പെടെ 59 രൂപ അയച്ചു കൊടുത്തുവെന്നും ബാങ്ക് വാദിച്ചു. നോട്ടീസയച്ച പരാതിക്കാരനെ അറിയിക്കുകയോ അയാളുടെ അനുവാദം ചോദിക്കുകയോ ചെയ്യാതെ തുക മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചത് സേവനത്തിലെ  ന്യൂനതയാണെന്ന്  ഡി.ബി ബിനു പ്രസിഡൻറ് ,വി രാമചന്ദ്രൻ ,ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 

"ബാങ്കിന്റെ ചട്ടത്തിനു വിരുദ്ധമായി 50 രൂപ അധികമായി വാങ്ങി എന്നത് ബാങ്ക് സമ്മതിച്ചു. തെറ്റുപറ്റിയെന്ന് ബോധ്യമായപ്പോഴും ആ തുക പരാതിക്കാരന് തന്നെ നൽകുന്നതിൽ ബാങ്ക് വീഴ്ചവരുത്തി. അനുവാദമില്ലാതെ ആ തുക മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുകയാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു."  

കോടതി ചെലവ് ഉൾപ്പെടെ 8050/ രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തിയാൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ. അരുൺ അശോക് ഇയ്യാനി ഹാജരായി.



Previous Post Next Post