രാജ്യത്ത് വിതരണം ചെയ്യുന്ന 50 ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

                                                    

ന്യൂഡൽഹി:* രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേ‌‌ർ‌‌ഡ് കൺട്രോൾ ഓർഗനൈസേഷൻ (സി,ഡി,എസ്,സി.ഒ) നടത്തിയ പരിശോധനയിൽ കണ്ടെത്തി. കാത്സ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ അമ്പതിലധികം മരുന്നുകളാണ് ഡ്രഗ് റഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.

പാരസെറ്റമോൾ ഗുളികകൾ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്ട്‌ജെൽസ്, ആൻ്റി ആസിഡ് പാൻ-ഡി, പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ്, രക്തസമ്മർദ്ദത്തിനുള്ള ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെ പട്ടികയിൽ ഉണ്ട്. ഹെറ്ററോ ഡ്രഗ്‌സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ തുടങ്ങിയവയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്.

കർണാടക ആൻറിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാരസെറ്റമോൾ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്. ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‍യു ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ & ക്യൂർ ഹെൽത്ത്‌കെയർ നിർമ്മിച്ചതുമായ ഷെൽകലും പരിശോധനയിൽ പരാജയപ്പെട്ടു. കൂടാതെ, കൊൽക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അൽകെം ഹെൽത്ത് സയൻസിൻ്റെ ആൻറിബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി. ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.



Previous Post Next Post