വയനാട് ദുരന്തം..ഒരു മൃതദേഹം സംസ്കരിക്കാൻ ചിലവായത് 75000 രൂപ..വസ്ത്രങ്ങൾക്കായി 11 കോടി.. ഭീമൻ ചെലവ് കണക്കുമായി സർക്കാർ….


വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നു.ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.

വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാ‍ര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്.

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Previous Post Next Post