എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം




തിരുവനന്തപുരം: മണി ചെയിൻ മാതൃകയിൽ നടക്കുന്ന എലിഫന്‍റ് ഫര്‍ണിച്ചര്‍ തട്ടിപ്പിൽ നാലായിരത്തിലധികം പേർക്ക് നഷ്‌ടമായത് 80 കോടിയിലധികം രൂപ. എലിഫന്‍റ് ഫർണീച്ചർ എന്ന പേരിൽ നടക്കുന്ന ഓൺലൈൻ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ്.

ഇരകളാക്കപ്പെട്ടവര്‍ കൂടുതലും വീട്ടമ്മമാരാണ്. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകും. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക.

എലിഫന്‍റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങാന്‍ ആവശ്യപ്പെടും. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഉണ്ട്. ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം


ഏറ്റവും കുറഞ്ഞ തുകയായ 680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ അപ്പോള്‍ തന്നെ 115 രൂപ വെല്‍ക്കം ബോണസ് ലഭിക്കും. പിന്നാലെ ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ആ ബാലന്‍സ് അക്കൗണ്ടിലേയ്ക്ക് മാറ്റാം. ഒരുമാസമാകുമ്പോള്‍ നികുതി എല്ലാം പിടിച്ച ശേഷം 680 ന്‍റെ മൂല്യം 1224 രൂപയായി മാറും.

തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക നിക്ഷേപിച്ചു തുടങ്ങി. കഴിഞ്ഞ മാസം അവസാനം 10 ദിവസത്തേയ്ക്ക് ഒരു ഓഫര്‍ വന്നു. 10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്നായിരുന്നു ഓഫര്‍. ഇതുവരെയുള്ള ഇടപാടുകളില്‍ വിശ്വസിച്ചവര്‍ 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെ നിക്ഷേപിച്ചു.

ഒന്നിച്ച് വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്സൈറ്റ് പണിമുടക്കി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്സൈറ്റ് ലഭിക്കുന്നില്ല. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസില്‍ പരാതികളെത്തിത്തുടങ്ങിയത്. ഇതിന് പിന്നാലെയാണ് പൊലീസിന്‍റെ ജാഗ്രത നിര്‍ദേശം.
Previous Post Next Post