9 വർഷം ജോലി ചെയ്ത സ്റ്റാഫ് നേഴ്സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ആശുപത്രി ചതി ഒരുക്കിയെന്ന് ആരോപണം : തെറ്റു തിരുത്തിക്കാന്‍ യുഎന്‍എ സംഘടന രംഗത്ത്


ഇന്ത്യയില്‍ നേഴ്‌സായി ജോലി ചെയ്യാന്‍ കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്റെ ആവശ്യമില്ല. എന്നിട്ടും വിദേശത്ത് ജോലി സാധ്യത തേടുന്ന നേഴ്‌സിന്റെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഈ കോഴ്‌സിനെ കുറിച്ച് പരമാർശിക്കുകയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ ലോളേജ്. ഈ ചതി തുറന്നു കാട്ടുകയാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ).
പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ 2015ല്‍ ജോലി തുടങ്ങിയതാണ് ബേസില്‍ ടോം. ഒന്‍പതു കൊല്ലം സ്റ്റാഫ് നേഴ്‌സായി ജോലി നോക്കി. ഇപ്പോള്‍ കാനഡയില്‍ ജോലി അവസരം വന്നു. മുമ്പ് ജോലി ചെയ്ത ആശുപത്രിയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അനിവാര്യതയാണ്. അതിന് വേണ്ടി അപേക്ഷയും നല്‍കി. അപ്പോഴാണ് മാനേജ്‌മെന്റിന്റെ ചതി പ്രയോഗമുണ്ടായത്. ബേസില്‍ ടോമിന്റെ പ്രവര്‍ത്തി പരിചയം അടക്കം അംഗീകരിച്ചു കൊണ്ടാണ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ അതിലെ അവസാന രണ്ടു വരികളില്‍ ആദ്യത്തേതാണ് പ്രശ്‌നം. ബേസില്‍ ടോം നിര്‍ദ്ദിഷ്ടമായ കണ്ടിന്യൂസിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍ സെഷന്‍സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പുഷ്പഗരി മാനേജ്‌മെന്റ് പറയുന്നത്. ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ നിര്‍ബന്ധമില്ല അതുകൊണ്ടു തന്നെ മിക്കവരും ചെയ്യാറില്ല.

എക്‌സ്പീരിയന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കൊണ്ട് തന്നെ വിദേശത്തെ സ്ഥാപനങ്ങളിലൊന്നും ഇത് കാണിക്കാനാകില്ല. കാണിച്ചാല്‍ ഇതൊരു കുറവായി വ്യാഖ്യാനിക്കും. കാനഡയില്‍ കണ്ടിന്യൂയിംഗ് നേഴ്‌സിംഗ് എജ്യുക്കേഷന്‍ നിര്‍ബന്ധവുമാണ്. എച്ച് ആര്‍ ഡയറക്ടർ ഫാ ഡോ ബിജു വര്‍ഗ്ഗീസും ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ സുവര്‍ണ്ണ എസ് പണിക്കരുമാണ് എക്‌സിപീയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്നത്.

പുഷ്പഗിരിയില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ പ്രധാന മുഖമായിരുന്നു ബേസില്‍ ടോം. ജീവനക്കാരുടെ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ഒരു നേതാവ്. അതുകൊണ്ടാകാം ഇത്തരമൊരു ചതി നടത്തിയത് എന്നാണ് സംഘടന വിലയിരുത്തുന്നത്.

പിഴവ് തിരുത്തി പുതിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് കത്തും മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്.
അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.
أحدث أقدم