കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ വീണ്ടും പരാതി. നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതായും യുവതി ആരോപിക്കുന്നുണ്ട്. എറണാകുളം റൂറൽ എസ്പിക്കാണ് ഇവർ പരാതി നൽകിയത്. പുതിയ പരാതിയിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
മുകേഷ് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നൽകിയിരുന്നു. 2014ൽ ഒഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. നടി അവർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു തൻ്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ഒരുപാട് പെൺകുട്ടികളെ സെക്‌സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. ഈ പരാതിയിൽ എസ്ഐടിക്കാണ് അന്വേഷണ ചുമതല. ഇതിൽ അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും പരാതി നൽകിയത്.