'നിരത്തിലെ ക്രൂരത', പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവർക്ക് പായസം നൽകാന്‍ ഓടുമ്പോൾ






കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയില്‍ അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ പോരാട്ടമാണ് നിരത്തിലെ ക്രൂരതയില്‍ പൊലിഞ്ഞത്. എഫ്‌സിഐ ഗോഡൗണിലെ കരാര്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.

വീട്ടില്‍ പായസം തയാറാക്കി  പ്രിയപ്പെട്ടവര്‍ക്കു നല്‍കിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവര്‍ക്കു നല്‍കാന്‍ വൈകീട്ട് ആനൂര്‍ക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്‌കൂട്ടറില്‍ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളിന്‍റെ മരണം നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്‌കരിച്ചത്.
Previous Post Next Post