ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്


കോട്ടയം: ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്‍റെ വിശദീകരണം തേടി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ 3 ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മാർച്ച് 31 ന് സർവീസിൽ നിന്നും വിരമിച്ച സ്കൂൾ പ്രിൻസിപ്പലും നിലവിൽ പ്രിൻസിപ്പലിന്‍റെ ചുമതലയുള്ള അധ്യാപകനും പിടിഐ യെ തെറ്റിദ്ധരിപ്പിച്ച് വനിതാ അധ്യാപകരുടെ സ്റ്റാഫ് മുറിയിൽ സൗണ്ട് റിക്കോർഡിംഗ്, സൂം സംവിധാനങ്ങളുള്ള ക്യാമറ സ്ഥാപിച്ചെന്നാണ് പരാതി.

ഇതിനെതിരെ പരാതി നൽകിയ 5 വനിതാ അധ്യാപകരെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി. ഡിപിഐ യുടെ ഉത്തരവ് ഒടുവിൽ ഹൈക്കോടതി സ്റ്റേ ചെയ്തു. സിസിടിവി യിൽ പതിയുന്ന ദൃശ്യങ്ങൾ പ്രിൻസിപ്പലിന്‍റെ മുറിയിലെ ടി വി യിൽ പരസ്യമായി പ്രദർശിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

സിസിടിവി നീക്കം ചെയ്യാൻ വനിതാകമ്മീഷൻ നിർദ്ദേശിച്ചിട്ടും പ്രിൻസിപ്പൽ അംഗീകരിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ സിസിടിവി സ്ഥാപിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ 2017 സെപ്റ്റംബർ 13 ലെ ഉത്തരവ് സ്കൂൾ അധികൃതർ ലംഘിച്ചു.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ജീവനക്കാരുടേയും കുട്ടികളുടെയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.

സ്കൂളുകളിൽ ആരുടെയും സ്വകാര്യത ലംഘിക്കാതെ എവിടെയെല്ലാം സിസിടിവി സ്ഥാപിക്കണം എന്നത് സംബന്ധിച്ചതടക്കമുള്ള മാർഗനിർദ്ദേശം ഡിപിഐ പുറത്തിറക്കണമെന്നും അവകാശ ലംഘനം നടത്തിയ ചങ്ങനാശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലിനും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

പൊതുസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഓഫീസ് അധികൃതരുടെ സ്വകാര്യ മൊബൈൽ ഫോണിൽ കാണാൻ അനുവദിക്കരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.


Previous Post Next Post