അന്‍വറിന്റേത് എംവിആറും ഗൗരിയമ്മയും കാണിക്കാത്ത മാസ് !! ഒറ്റയ്ക്ക് ആളെക്കൂട്ടി സിപിഎമ്മിനെ വെല്ലുവിളിക്കുന്നു


സിപിഎമ്മിനെ വെല്ലുവിളിച്ച് പുറത്തു പോയ നേതാക്കള്‍ ഏറെയാണ്. എന്നാല്‍ അവരൊന്നും കാണിക്കാത്ത സാഹസമാണ് പിവി അന്‍വര്‍ നടത്തുന്നത്. സിപിഎം വിട്ട നേതാക്കള്‍ പലരും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിൽ എത്തുകയാണ് രാഷ്ട്രീയ കേരളത്തില്‍ പതിവ്. എന്നാല്‍ സിപിഎമ്മിന്റെ അത്തരം പ്രതികാര നടപടികളെ അതിജീവിച്ചവരില്‍ രണ്ടുപേര്‍ സാക്ഷാല്‍ എംവി രാഘവനും കെആര്‍ ഗൗരിയമ്മയുമായിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ അതികായര്‍ക്ക് പോലും സാധിക്കാത്തതാണ് ഒരു ഇടതു സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ ചെയ്തിരിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരിലാണ് എംവിആറും ഗൗരിയമ്മയും പുറത്തു പോകുന്നത്. എംവിആര്‍ ബദല്‍രേഖയുടെ പേരിലായിരുന്നെങ്കില്‍ ഗൗരിയമ്മ പുറത്തായത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരിലായിരുന്നു. ഇരുനേതാക്കളും അച്ചടക്ക നടപടിക്ക് ശേഷം നേരിട്ടത് ക്രൂരമായ ആക്രമണങ്ങളായിരുന്നു. പ്രത്യേകിച്ചും എംവിആര്‍. ഒരു രാഷ്ട്രീയ വിശദീകരണ യോഗം നടത്താനെന്നല്ല, പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി ഇരുവരും. എംവിആറിന്റെ വീടിനു പോലും സഖാക്കള്‍ തീയിട്ടു. ഇവിടെ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ ഇവര്‍ക്ക് അന്നത്തെ കോണ്‍ഗ്രസിന്റേയും സാക്ഷാല്‍ കെ കരുണാകരന്റേയും സഹായവും സംരക്ഷണവും വേണ്ടിവന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെ കൂടി പിന്തുണയോടെയാണ് ഇവര്‍ തുടര്‍നീക്കങ്ങള്‍ നടത്തിയത്.
എന്നാല്‍ പിവി അന്‍വര്‍ ഇങ്ങനെ ഒരു സഹായമോ സംരക്ഷണമോ ഇല്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറുകയാണ്. ആരുടേയും സഹായം അഭ്യര്‍ത്ഥിച്ചില്ല തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിലമ്പൂരുകാരെ വിളിച്ചു. രാഷ്ട്രീയ ഭേദമെന്യേ ചന്തക്കുന്നിലേക്ക് അവര്‍ ഒഴുകി എത്തുകയും ചെയ്തു. ഇത് സിപിഎമ്മിനെയാണ് ചിന്തിപ്പിക്കുന്നത്. ഇടതു മുന്നണിയില്‍ പിണറായിക്കെതിരെ ഒരു വിമര്‍ശനം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. അത്രയ്ക്കാണ് മുന്നണി സംവിധാനത്തേയും പാര്‍ട്ടിയേയും പിണറായി വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത്. അവിടെ നിന്നാണ് ഒരു എതിർശബ്ദം ഉയര്‍ന്നത്. അതും അതിരൂക്ഷമായി പ്രതിപക്ഷം പോലും പറയാത്ത ശക്തമായ ഭാഷയില്‍. ഇതിനെ മറികടക്കേണ്ടത് പിണറായിക്ക് മാത്രമല്ല സിപിഎമ്മിനും അത്യാവശ്യമാണ്.
കേഡര്‍ പാര്‍ട്ടിയെന്ന് ആവർത്തിച്ച് പറയുമ്പോഴും സിപിഎമ്മില്‍ ആ രീതികളെല്ലാം മാറിയിട്ടുണ്ട്. അണികളില്‍ പലരും ഇപ്പോഴും സംശയത്തോടെ നേതാക്കളെ കാണുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും സ്വാധീനമുള്ള അന്‍വര്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കും എന്ന് സിപിഎമ്മിന് നന്നായി അറിയാം. എന്നാല്‍ അന്‍വറിനെ എങ്ങനെ നേരിടണം എന്നതിലാണ് ഇപ്പോഴും ആശയക്കുഴപ്പം.
Previous Post Next Post