പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ..സമരസഖാവിന് വിട നൽകി നാട്…


മൂന്ന് പതിറ്റാണ്ടോളംകാലം ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി നിന്ന മഹാവിപ്ലവകാരി സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്ക്കാരം വികാരഭരിതമായ അന്തരീക്ഷത്തിൽ ചൊക്ലിയിലെ വീട്ടുവളപ്പിൽ നടന്നു. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷമാണ് വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചത്.

കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതലെത്തിയത്. കൊയിലാണ്ടി, വടകര, ഓഞ്ചിയം, നാദാപുരം, മാഹി എന്നിവിടങ്ങളിലെല്ലാം പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ജനസഞ്ചയം ഒഴുകിയെത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരധിയാളുകളാണ് കോഴിക്കോട് മുതലുള്ള വിവിധ കേന്ദ്രങ്ങളിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

തലശേരി ടൌൺഹാളിൽ എത്തിച്ച മൃതദേഹത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരുൾപ്പടെയുള്ള നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഇതിനുശേഷം അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം മുതൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ചേർന്ന് പുഷ്പന്‍റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഒരുമണിക്കൂറോളം ടൌൺഹാളിൽ പൊതുദർശനം. ഇവിടെ നിന്ന് വിലാപയാത്ര കൂത്തുപറമ്പിലേക്ക് പുറപ്പെടുമ്പോഴും അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധിയാളുകൾ അവശേഷിക്കുന്നുണ്ടായിരുന്നു
Previous Post Next Post