രണ്ടാഴ്ചയ്ക്കുള്ളില്‍ കോട്ടയം ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നു പിടികുടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ കള്ളപ്പണം !!



ഇതര മാര്‍ഗങ്ങളിലൂടെയുള്ള കള്ളപ്പണ്ണം കടത്ത് ശ്രമകരമായതോടെയാണ് തിരക്കേറിയ ബസ് സര്‍വീസുകളെ മാഫിയ തെരഞ്ഞെടുക്കുന്നതെന്നാണ് സൂചന. മൂന്നു കേസുകളിലായി തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, പൊന്‍കുന്നം എന്നിവിടങ്ങളില്‍ നിന്നാണ് 1.67 കോടി രൂപ പിടിച്ചെടുത്ത്.

ലഹരി മരുന്ന് കടത്ത് കണ്ടെത്തുന്നതിനായി എക്‌സൈസ് നടത്തിയ പരിശോധനയക്കിടെ യാദൃശ്ചികമായി കണ്ടെടുത്തതാണ് ഇത്രയും പണം. പോലീസോ, സാമ്പത്തിക അന്വേഷണ ഏജന്‍സികളോ ആണ് പരിശോധന നടത്തുന്നതെങ്കില്‍ കുടുതല്‍ ഇടപാടുകള്‍ പുറത്തുവരുമായിരുന്നുവെന്നും സൂചനയുണ്ട്.ഏക്കൊലമായി നിര്‍ജീവമായിരുന്ന കള്ളപ്പണ ഇടപാടുകളാണ് വീണ്ടും സജീവമായിരിക്കുന്നതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. മറ്റു ജില്ലകളിലൊക്കെ ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ജില്ലയില്‍ നിന്ന് ഇത്രയും ഉയര്‍ന്ന തുക കുറഞ്ഞ ഇടവേളയ്ക്കിടെ പിടികൂടുന്നത് ഇതാദ്യമാണ്. ജില്ലയില്‍ നിന്നാണ് പിടികൂടിയതെങ്കിലും മറ്റു ജില്ലകളിലേക്കും ഇവ കടത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പണം പിടിച്ചെടുത്ത എക്‌സൈസിനു പണമിടപാട് കേസുകള്‍ അന്വേഷിക്കാന്‍ അധികാരമില്ലെന്നതും ഉറവിടം കാണിച്ചാല്‍ ഇത്തരം കേസുകളില്‍ നിന്ന് ഊരിപ്പോരാമെന്നതും തുടര്‍ അന്വേഷണം നിലയ്ക്കാന്‍ കാരണമാകുന്നു. കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ പണം എത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന.ഓണത്തോട് അനുബന്ധിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് ബസുകളില്‍ തിരക്കേറിയത് മുതലെടുത്തു വ്യാപമായി പണമൊഴുക്കിയതായാണ് വിവരം.

ഓണ നാളുകളില്‍ ബംഗളുരുവില്‍ നിന്നു മാത്രം ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ നാല്‍പ്പതിലേറെ അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് ദിനം പ്രതി കടന്നുപോയത്. വിരലിലെണ്ണാവുന്ന ബസുകളില്‍ എക്‌സൈസ് നടത്തിയ പരിശോധനകള്‍ ഒഴിച്ചാല്‍ മറ്റു പരിശോധനകള്‍ ഒന്നും നടന്നില്ല.ഇതേ ബസുകള്‍ വ്യാപകമായി ലഹരി മരുന്നു കടത്തിനും ഉപയോഗിക്കുന്നുണ്ട്.

രണ്ടുമാസം മുമ്പ് ചങ്ങനാശേരിയില്‍ നിന്ന് ഇത്തരത്തില്‍ ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു. ബംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മറയാക്കിയാണ് ലഹരി മരുന്ന് ഇടപാടുകള്‍ നടക്കുന്നത്. പോലീസിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നു നിര്‍ജീവമാക്കപ്പെട്ട ഗുണ്ടാസംഘങ്ങളും ലഹരി ഇടപാടുകളില്‍ സജീവമാണ്. കുറഞ്ഞ പ്രയത്‌നത്തില്‍ കൂടുതല്‍ പണം എന്നതാണ് ഇവരെ ലഹരി കടത്തിലേക്ക് ആകര്‍ഷിക്കുന്നത്.

വിദ്യാര്‍ഥികളെന്നും ഐ.ടി. ഉദ്യോഗസ്ഥരെന്നും പറഞ്ഞു പല ഗുണ്ടാസംഘാംഗങ്ങളും സ്ഥിരമായി ബംഗളുരു യാത്ര നടത്തുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
Previous Post Next Post