റിയാദ്: സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റുണ്ടാകും. ഇത് മൂലം മൂന്നു മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. അതേസമയം, ഉഷ്ണകാലം അവസാനിച്ച് ഇന്ന് മുതൽ രാജ്യം ശരത്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്ത് കാലാവസ്ഥാ മാറ്റം പ്രകടമാണ്. രാത്രി കാലങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതി വരെ ചൂട് തുടരും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. ജിദ്ദയിൽ ഇന്ന് രാവിലെ പൊടിക്കാറ്റ് വീശിയിരുന്നു. വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്