മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത്’: കെ.സുധാകരന്‍




ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതും അവര്‍ നടത്തിയ മാഫിയാപ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്തിന് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അന്വേഷണം കഴിയട്ടെ,എന്നിട്ട് നോക്കാമെന്ന് പറയുന്നത് തന്നെ ആ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം കഴിഞ്ഞ അഞ്ചുമാസമായിട്ടും പൂര്‍ത്തിയാക്കിയില്ല. വിവാദമായപ്പോള്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് 24നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. പൂരം കലക്കിയതില്‍ എഡിജിയുടെ പങ്ക് അന്വേഷിക്കുന്നതിന് പകരം അദ്ദേഹത്തിന് അന്വേഷണ ചുമതല കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൂരം കലക്കിയതില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ പൂരം കലക്കിയതിന് പിന്നിലെ ശക്തിയാരാണെന്ന് വ്യക്തമാകൂ. തൃശ്ശൂര്‍ പൂരം കലക്കിയാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും കെ.സുധാകരന്‍ ഓര്‍മ്മപ്പെടുത്തി.

Previous Post Next Post